2015, മാർച്ച് 7, ശനിയാഴ്‌ച

മാർച്ച്‌ 8: ലോക വനിതാദിനം

പെണ്ണിന് കഞ്ഞി കുമ്പിളിൽ തന്നെ!
അസ്‌ഹർ പുറക്കാട്

കാനേഷുമാരിക്കണക്കിലെ പപ്പാതി എന്നതിനപ്പുറം പെണ്ണുങ്ങൾ പരിഗണിക്കപ്പെടുന്നതെവിടെയാണ്? 1914 ൽ തുടങ്ങി നൂറ്റാണ്ടു പിന്നിട്ട ലോക വനിതാദിനം ഇത്തവണയും സമുചിതമായി ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ തെക്കേ അറ്റത്തുളള സാക്ഷര പ്രബുദ്ധ കേരളത്തിൽ ഈ ചോദ്യത്തിന് ഉത്തരം തേടുന്നത്‌ കൗതുകകരമായിരിക്കും. സ്ത്രീ ശാക്തീകരണം എന്ന ക്ലീഷൈ മുദ്രാവാക്യം ജാതി മത സംഘടനകൾ മുതൽ രാഷ്ട്രീയ പുരോഗമന പ്രസ്ഥാനങ്ങൾ വരെ അവസരത്തിലും അനവസരത്തിലും എടുത്തുപയോഗിക്കാറുമുണ്ട്‌. പക്ഷെ, പ്രയോഗത്തിൽ ഇതെവിടെ നിൽക്കുന്നു എന്നറിയുമ്പോഴാണ് പെണ്ണുങ്ങളെ പറ്റിക്കുന്ന പാർട്ടിക്കാരുടെ തനി നിറം വ്യക്തമാവുക. സമ്മേളനങ്ങൾക്ക്‌ സദസ്സ്‌ നിറയ്ക്കാനും പ്രകടനങ്ങൾക്ക്‌ ആളെ കൂട്ടാനും സ്ത്രീ സാന്നിധ്യം തേടുന്ന സംഘടനകൾ, പക്ഷെ സ്വന്തം പാർട്ടി നിയന്ത്രിക്കാൻ നാരികൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത്‌ വലിയൊരു അന്വേഷണമൊന്നും ആവശ്യമില്ലാതെ തന്നെ അനാവൃതമാവുന്ന വസ്തുതയാണ്.
രാഷ്ട്രീയ പാർട്ടികൾ ഗത്യന്തരമില്ലാതെ പാസ്സാക്കിയെടുത്ത വിപ്ലവകരമായ ഒരു നിയമമായിരുന്നു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 50% സ്ത്രീ സംവരണം. സ്ത്രീ ശാക്തീകരണം ഒരു പരിധിവരെ പ്രായോഗികമാക്കാൻ ഇതുകൊണ്ട്‌ സാധിച്ചിട്ടുണ്ട്‌. ത്രിതല പഞ്ചായത്തുകളിലൂടെ ഒട്ടേറെ വനിതകൾ പൊതുരംഗത്ത്‌ അവരുടെ പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്‌. ആഴിമതി രഹിതവും ജനപക്ഷവും നിഷ്കളങ്കവുമായ ഒരു സുതാര്യ ഭരണത്തിന്റെ സുഖം നാട്ടുകാർക്ക്‌ അനുഭവിക്കാനും സ്ത്രീ ഭരണം സഹായിച്ചിട്ടുണ്ട്‌. മറയ്ക്കുപിന്നിൽ പുരുഷൻ നടത്തുന്ന പിൻസീറ്റ്‌ ഭരണം കാണാതിരിക്കുന്നില്ല. ‘ഒടുക്കത്തെ സ്ത്രീ സംവരണം’ മൂലം 'മൂപ്പർ'ക്ക്‌ മൽസരിക്കാൻ പറ്റാഞ്ഞിട്ട്‌, വീട്ടുകാരിയെ സ്ഥാനാർത്ഥി സാരിയുടുപ്പിച്ച് ജയിപ്പിച്ചെടുത്ത്, തുടർന്നങ്ങോട്ട്‌ അവളെ അടുക്കള ഭരണം തിരിച്ചേൽപ്പിച്ച്‌ 'മൂപ്പർ' തന്നെ 'മെമ്പറും'  'പ്രസിഡണ്ടു'മൊക്കെയാവുന്നതും വിസ്മരിക്കുന്നില്ല! പക്ഷെ, പഞ്ചായത്തുകളിലെ ഈ നേർപാതി പങ്കാളിത്തത്തിന്റെ കാലഘട്ടത്തിലും നമ്മുടെ പുരോഗമന രാഷ്ട്രീയപ്പാർട്ടികൾക്ക്‌ പോലും അവരുടെ പുരുഷാധിപത്യ ജനിതക ഘടനയിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നു കാണാൻ കഴിയും.
അറുപതിലേക്കു കടക്കുന്ന കേരള രാഷ്ട്രീയം പെണ്ണുങ്ങളോടു കാണിച്ച അവഗണന അതിഭീകരമാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 1957 ഏപ്രിൽ 5ന് നിലവിൽ വന്ന ഇ എം എസ്‌ സർക്കാർ  മുതൽ ഇപ്പോൾ അധികാരത്തിലിരിക്കുന്ന  ഉമ്മൻചാണ്ടി വരെയുളള 21 മന്ത്രിസഭകളിലായി ഇരുന്നൂറോളം മന്ത്രിമാർ സംസ്ഥാനം ഭരിച്ചിട്ടുണ്ട്‌. എണ്ണായിരത്തിലേറെ ദിനങ്ങളായി ഭരണ സിംഹാസനത്തിലിരിക്കുന്ന  കെ എം മാണിസാർ, അഞ്ചു ദിവസം അധികാരത്തിലിരുന്ന വീരേന്ദ്രകുമാർ വരേയുണ്ടതിൽ! ഇ എം എസിൽ തുടങ്ങി അനൂപ്‌ ജേക്കബ്‌ വരെയുളള 193 മന്ത്രിമാരുടെ ഈ പട്ടികയിൽ അരഡസൻ പെണ്ണുങ്ങളേയുളളൂ എന്നറിയുമ്പോഴാണ് ഇവിടെ ചോദിക്കാനും പറയാനുമൊന്നും 'ഒരാൺകുട്ടി' ഇല്ലേ എന്ന ആ പഴയ ‘പുരുഷാധിപത്യ ലിംഗഭാഷ’ തന്നെ കടമെടുത്തു ചോദിക്കേണ്ടി വരുന്നത്!  നാലു തവണ ഭരിച്ച കെ ആർ ഗൗരിയമ്മയും,  രണ്ടു തവണ മന്ത്രിയായ എം ടി പത്മയും, ഓരോ തവണ മന്ത്രിസഭയിലെത്തിയ സുശീല ഗോപാലൻ, എം കമലം, പി കെ ശ്രീമതി, ഇപ്പോൾ അധികാരത്തിലിരിക്കുന്ന പി കെ ജയലക്ഷ്മി എന്നീ വിരളിലെണ്ണാൻ പോലുമില്ലാത്ത വനിതകൾക്ക്‌ മാത്രമാണ് ഭരണചക്രത്തിൽ കയറിയ അനുഭവമുള്ളത്‌.140 അംഗ കേരള നിയമ സഭയിൽ അഞ്ചു ശതമാനമാണ്, സമൂഹത്തിന്റെ പാതിയായ പെൺ പങ്കാളിത്തം! സഭയിലെ സപ്ത നാരീ സാന്നിധ്യം! നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ്‌ 14 പേരെയും, യു ഡി എഫ്‌ എട്ട്‌ പേരെയും രംഗത്തിറക്കി, കരകയറിയത്‌ വെറും ഏഴു വനിതകൾ! 127 അംഗ ഒന്നാം കേരള നിയമസഭയിൽ അംഗനമാർ ആറുപേരുണ്ടായിരുന്നു എന്നറിയുമ്പോഴാണ്, അര നൂറ്റാണ്ട്‌ പിന്നിട്ടിട്ടും പ്രബുദ്ധ കേരളത്തിൽ പെണ്ണിന് കഞ്ഞി കുമ്പിളിൽ തന്നെയാണെന്ന് ബോധ്യപ്പെടുക! ഭരണ പക്ഷത്തുനിന്നും ആകെക്കൂടി  ജയിച്ചുവന്നത്‌ സർക്കാരിന്റെ ലക്ഷ്മിയായ ഒരേയൊരു ജയലക്ഷ്മി!! ആദിവാസി സ്ത്രീ സ്നേഹത്തിന്റെ കസവു ചേലയിൽ അവരെയങ്ങ്‌ മന്ത്രിയുമാക്കി! അരികു വത്ക്കരിക്കപ്പെട്ടവരോട്‌ എന്തൊരു പ്രതിബദ്ധത!!!
ഇനി മന്ത്രിസഭയിലും നിയമസഭയിലുമൊക്കെ അധികാരം കയ്യടക്കിവെച്ചിരിക്കുന്ന പാർട്ടികളിലുളള പെൺ പ്രാതിനിധ്യമോ? അതും അത്ക്കും മേലെ എന്നല്ലാതെ എന്തു പറയാൻ! മഹിളകൾക്ക്‌ 33% സംവരണം ഏർപ്പെടുത്തണമെന്ന് പാർലമെന്റിനകത്തും പുറത്തും ഒച്ച വെക്കുകയും പുരപ്പുറം കയറി വലിയ വായാൽ അലറുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ ആവേശം കാണുമ്പോൾ ഏതു പെണ്ണും ഒന്നു നോക്കിപ്പോകും! പക്ഷെ, ഇവരുടെ പാർട്ടി ഓഫീസിൽ കയറുമ്പോഴറിയാം, വെറും തൂപ്പുകാരിയാണോ പെണ്ണെന്ന യാഥാർത്ഥ്യം! നാമ മാത്രമാണ് പല പാർട്ടികളിലും പെൺ നേതൃത്വം. പഞ്ചായത്തുകളിൽ പാർട്ടിപെണ്ണുങ്ങൾ അധികാരം അലങ്കരിക്കുമ്പോഴും പാർട്ടി ഭരിക്കാൻ പെണ്ണിന് പാങ്ങില്ലെന്നാണ് ആൺ പ്രമാണം!
പുരോഗമന പ്രസംഗത്തിൽ മറ്റാരേയും പിന്നിലാക്കുന്ന സി പി എമ്മിനെ തന്നെ ആദ്യമൊന്നു വിശകലന വിധേയമാക്കാം. കേന്ദ്രത്തിൽനിന്നു തുടങ്ങിയാൽ, 15 അംഗ പോളിറ്റ്‌ ബ്യൂറോയിൽ പേരിന് ഒരു പെണ്ണുണ്ട്‌, ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ഭാര്യ, ബൃന്ദ കാരാട്ട്‌. കാരാട്ട്‌ ജനറൽ സെക്രട്ടറി ആയതിൽ പിന്നെയാണ് ശ്രീമതി കാരാട്ട്‌ പീബിയിൽ കയറിപ്പറ്റുന്നത്‌. എന്നും കാരാട്ടിനൊപ്പമുണ്ടാവുന്ന ശ്രീമതിക്ക്‌, ഈ പീബീ എൻട്രി കിട്ടിയതിൽ അത്ഭുതമില്ലെന്ന ദോഷൈകദൃക്കുകളുടെ വിലയിരുത്തൽ മുഖവിലക്കെടുക്കേണ്ടി വരുന്നത്‌, ഇന്ത്യയിലെ പ്രഗത്ഭയായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായിട്ടും ബൃന്ദ കാരാട്ടിന്  ഇത്രയും കാലം എ കെ ജി ഭവനു മുമ്പിൽ കാത്തിരിക്കേണ്ടിവന്നതു കൊണ്ടുകൂടിയാണ്. 89 അംഗ കേന്ദ്ര കമ്മിറ്റിയിൽ 13 പേരുണ്ട്‌ മഹാമഹതികളായി, 15% എത്തില്ല പ്രാതിനിധ്യം! സ്ത്രീ ശാക്തീകരണത്തിന്റെ കേരള ഭൂമികയിലേക്ക്‌  വന്നാലോ. കേന്ദ്രത്തിന്റെ മികച്ച മാതൃക തന്നെ കേരളം! 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ ആകെയുളള ഒരു ശ്രീമതി, പി കെ ശ്രീമതി ടീച്ചർ! 88 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ 11 വനിതകൾ, പ്രാതിനിധ്യം എട്ടിലൊന്ന്! ഒരു സംസ്ഥാന സെക്രട്ടറിയോ ജില്ലാ സെക്രട്ടറിയോ നാരിയായിട്ട് നാളിതുവരെ ഉണ്ടായിട്ടില്ല, പകുതിയോളം വനിതാ സഖാക്കളുളള ആ പാർട്ടിയിൽ! പെണ്ണുങ്ങൾ ഇതിനു പറ്റാഞ്ഞിട്ടാണോ, പാർട്ടിയിൽ പറ്റിയ പെണ്ണുങ്ങൽ ഇല്ലാഞ്ഞിട്ടാണോ എന്നു വ്യക്തമാക്കേണ്ടത്‌ പാർട്ടിയാണ്. രണ്ടായാലും ലിംഗ സമത്വമെന്ന പഴയ പാർട്ടി മുദ്രാവാക്യം ഇനിയും വിളിച്ചു പറയുമ്പോൾ, പുതിയ തലമുറ പെൺകുട്ട്യേളെ വല്ലാതെ പേടിക്കേണ്ടിവരും, പാർട്ടിക്ക്‌!
കേരളത്തിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസ്സിലേക്ക്‌ നോക്കിയാലും പെൺ പങ്കാളിത്തം തുലോം കുറവാണെന്ന് കാണാം. 74 അംഗ കെ പി സി സി ഭാരവാഹികളിൽ ഏഴുപേർ മാത്രമാണ് മഹിളകൾ. ഇന്ദിരാഗാന്ധിയുടെ മരുമകൾ സോണിയഗാന്ധി, ജൻപത് പത്തിലിരുന്ന് പാർട്ടിയെ നയിക്കുമ്പോൾ പെൺ പങ്കാളിത്തം പത്തിലൊന്ന്! ഇനിയിപ്പോൾ പ്രിയങ്ക വന്നാലും പെൺകുട്ടികൾക്ക്‌ എന്തെങ്കിലും പ്രതീക്ഷിക്കുക വയ്യ. സി പിഐ ലേക്ക്‌ വന്നാലോ. വല്യേട്ടനേക്കാളും കഷ്ടമാണ് കുട്ട്യേട്ടന്റെ കാര്യം! 89 അംഗ സംസ്ഥാന കൗൺസിലിൽ വെറും അഞ്ച്‌ പേരാണ് പെണ്ണുങ്ങൾ! ആറു ശതമാനം വരില്ല പ്രാതിനിധ്യം! സി പി എമ്മിൽ എട്ടിലൊന്നാണെങ്കിൽ, സി പി ഐയിൽ പതിനെട്ടിലൊന്ന് പെൺ സഖാക്കൾ! കുറ്റം പറയരുതല്ലോ , കാന്റിഡൈറ്റ്‌ അംഗങ്ങളായി കാത്തിരിക്കുന്ന ഒമ്പത്‌ പേരിൽ അഞ്ചുപേർ വനിതകളാണ്!  ജെൻഡർ ഈക്വാലിറ്റിയുടെ മാർക്സിറ്റ് മാതൃക!  ഇരു കമ്മ്യൂണിസ്റ്റുകളുമായി നേർക്കുനേർ അങ്കത്തിനിറങ്ങാൻ മങ്കമാർക്ക്‌ ഇനി അധികം ആലോചിക്കേണ്ടിവരില്ല!
മറ്റു പാർട്ടികളും ഈ അടുക്കളയിൽ അമ്മായി അമ്മയോടൊപ്പം തന്നെയാണ്! 68 ജനറൽ സെക്രട്ടറിമാരുളള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിൽ എത്ര പെണ്ണുങ്ങൾ ഉണ്ടെന്ന് പാർട്ടി വ്യക്തമാക്കട്ടെ. സംസ്ഥാന കമ്മിറ്റിയിൽ അങ്ങനെ ഒന്നിനെ കാണാനില്ല!  ബി ജെ പിയുടെ 25 സംസ്ഥാന ഭാരവാഹികളിൽ ആറു പേരാണ് വനിതകളായിട്ടുളളത്‌. തമ്മിൽ ഭേദം, നാലിലൊന്നെങ്കിലും നൽകി കേന്ദ്ര ഭരണകക്ഷി!  മുസ്ലിം ലീഗിൽ പിന്നെ സ്ത്രീകൾക്ക്‌ പ്രവേശനം തന്നെയില്ല. കേന്ദ്ര സംസ്ഥാന ഭാരവാഹികളിൽ ഒരാൾ പോലുമില്ല, പർദ്ദയിട്ടവളായി! പുതു തലമുറ പാർട്ടികളിൽ, ദില്ലിയിൽ കുറ്റിച്ചൂൽ വിപ്ലവം നടത്തിയ ആം ആദ്മിയുടെ സംസ്ഥാന ഘടകത്തിലേക്ക്‌ വരാം. സാറാ ജോസഫ്‌ കൺവീനറായ അവരുടെ 22 അംഗ കേരളാ വിസ്താർ സ്റ്റൈറ്റ്‌ എക്സിക്യൂട്ടീവ്‌ കമ്മിറ്റിയിൽ, ടീച്ചറെ കൂടാതെ മറ്റ്‌ മൂന്ന് മഹിളകളാണുളളത്‌. വനിതാ വിമോചനത്തിനു വേണ്ടി വാതോരാതെ സംസാരിക്കുന്ന കാരശ്ശേരി മാഷടക്കം ഇരിക്കുന്ന കമ്മിറ്റിയിൽ നാലു പെണ്ണുങ്ങൽ മാത്രം! പുരുഷാധിപത്യം പേരിലേപേറുന്ന ‘ആം ആദ്മി’യിലെ പെണ്ണുങ്ങൾക്കു വേണ്ടി ഒരു 'സങ്കട ഹരജി' കൂടി ഇനി  മാഷിന് എഴുതാം! ദില്ലിയിലെ പുതിയ 'പുരുഷ മന്ത്രിസഭ'യുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും! പുതിയ പാർട്ടികളിൽ പെണ്ണുങ്ങൾക്ക്‌ പ്രതീക്ഷ നൽകുന്നത്‌ വെൽഫെയർ പാർട്ടി ഓഫ്‌ ഇന്ത്യ മാത്രമാണ്. അവരുടെ സംസ്ഥാന കമ്മിറ്റിയിലെ 27 പേരിൽ ഒമ്പതുപേർ സ്ത്രീകളാണ്, മൂന്നിലൊന്ന് മഹിളകൾക്കായി മാറ്റിവെച്ചിരിക്കുന്നു. 33% സംവരണം പാർലമെന്റിൽ ആവശ്യപ്പെടാൻ ധാർമ്മികമായി അവകാശമുളള ഒരേയൊരു പാർട്ടി. മുത്തശ്ശിപ്പാർട്ടികൾ ചെറു പാർട്ടികളെ കണ്ടുപഠിക്കട്ടെ!
സമൂഹത്തിൽ പ്രവർത്തിക്കുന്ന ഏതാണ്ടെല്ലാ സംഘടനകളിലും ഈ അംഗന അവഗണന കാണാം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 59 അംഗ കേന്ദ്ര നിർവ്വാഹക സമിതിയിൽ അംഗനമാർ പത്ത്‌, പ്രാതിനിധ്യം ആറിലൊന്ന്! അവരുടെ വിവിധ പ്രസിദ്ധീകരണങ്ങളിലും ഇതു തന്നെയാണവസ്ഥ. 'ശാസ്ത്രഗതി'യിലെ എഡിറ്റർമ്മാരടക്കമുളള 22 അംഗ പത്രാധിപസമിതിയിൽ സ്ത്രീകൾ വെറും രണ്ടേരണ്ട്! സ്ത്രീ പ്രശ്നത്തിൽ മതങ്ങളെ വിചാരണ ചെയ്യുന്ന പലവിധ യുക്തിവാദി സംഘടനകളിലും, അവരുടെ പ്രസിദ്ധീകരണങ്ങളിലും സ്ത്രീകളെ മഷിയിട്ടു നോക്കണം! പക്ഷെ, പളളിക്കമ്മിറ്റികളിൽ വരെ സ്ത്രീകൾക്ക്‌ അംഗത്വം നൽകി മത സംഘടനകൾ വളരെയേറെ മുന്നോട്ട്‌ പോയിരിക്കുന്നു എന്ന വർത്തമാന കാല യാഥാർത്ഥ്യം പുരോഗമന നാട്യക്കാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
അധികാരം, സമ്പത്ത്‌, മാധ്യമങ്ങൾ ഈ മൂന്നു മേഘലകളിലും സ്ത്രീകൾക്ക്‌ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാത്ത കാലത്തോളം വനിതാ വിമോചനം സാധ്യമല്ല. ഇവിടുത്തെ പാർട്ടി ഭാരവാഹികളെയും, പൊതുയോഗ വേദികളെയും,  സ്ഥാപന മേധാവികളെയും, പ്രസിദ്ധീകരണ ലേഖകരേയും, പത്രാധിപ സമിതികളെയും വെറുതെയൊന്ന് ശ്രദ്ധിക്കുന്ന ഏതൊരാൾക്കും കാണാൻ കഴിയും, പുരുഷാധിപത്യത്തിന്റെ ഹൈ പവറ്! ചാനലുകളിൽ ആടാനും, പരസ്യങ്ങളിൽ പ്രദർശനത്തിനും മാത്രമാണോ പണ്ണുങ്ങൾ എന്ന് അംഗനമാർ ആത്മ പരിശോധന നടത്തട്ടെ! വനിതാ സമ്മേളനങ്ങളും പെൺ പ്രസിദ്ധീകരണങ്ങളുംവരെ പുരുഷന്മാർ നടത്തുന്ന വിരോധാഭാസം! അണിയറയിൽ നടക്കുന്ന 'സ്ത്രീ പീഢനം' ഇതിനേക്കാൾ ദയനീയമാണ്. പുരുഷ പഞ്ചായത്ത് ഭരണം നേരത്തെ കണ്ടു.  പുരോഗമന നാട്യത്തിൽ ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഒന്നോ രണ്ടോ പെണ്ണുങ്ങളെ പാർട്ടി കമ്മിറ്റിയിലെടുക്കും. പിന്നീട്‌ പാർട്ടിയെടുക്കുന്ന തീരുമാനങ്ങളൊക്കെ പുരുഷൻ തന്നെയങ്ങ്‌ പാസാക്കിയെടുക്കും, പെണ്ണിനെ പിന്നെ കാണുന്നത് അടുത്ത പാർട്ടി തെരെഞ്ഞെടുപ്പിലായിരിക്കും! മഹിളാ പങ്കാളിത്തം ബഹുകേമം!!
നമ്മുടെ മുഖ്യധാരാ പാർട്ടികളുടെ പൊളളത്തരം വെളിച്ചത്തു കൊണ്ടുവരാനാണ് ഇത്രയും കുറിച്ചത്‌. പക്ഷെ, ഇതൊന്നും തിരിച്ചറിയാതെ, പാർട്ടികൾക്ക്‌ ജയ്‌ വിളിച്ച്‌ പിന്നാലെ പായുന്ന പെണ്ണുങ്ങളെ കുറിച്ച് പറയാതെ വയ്യ. അധികാരം, സമ്പത്ത്‌, മാധ്യമങ്ങളിലടക്കം സർവ്വ മേഘലകളിലും അരികുമാറ്റപ്പെട്ടിട്ടും പുരുഷ സ്പോൺസേർഡ്‌ സമരങ്ങളിലാണ് നമ്മുടെ പെൺക്കുട്ടികൾക്ക്‌ താത്പര്യം. ചുംബന സമരം ഉദാഹരണം. പൊതു സ്ഥലത്ത്‌വെച്ച് ഉമ്മ വെക്കാനുളള സ്വാതന്ത്യത്തിനാണു പോലും സമരം. (സമരം പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ നമ്മുടെ വിവിധ വിമാനത്താവളങ്ങളിലെ ‘എറൈവൽ’, ‘ഡിപ്പാർച്ചർ’ കൗണ്ടറുകളിൽ ഒന്നു പോയി നോക്കാമായിരുന്നു, യഥാര്‍ത്ഥ ‘കിസ്‌ ഓഫ്‌ ലവ്‌’ കാണാൻ!) ഒരു സമരത്തിന്റെ ഗുണഭോക്താക്കൾ ആരെന്നറിയുമ്പോഴാണ് അതിന്റെ സ്പോൺസറെ തിരിച്ചറിയുന്നത്‌. യഥാര്‍ത്ഥത്തിൽ, സ്ത്രീകൾ ആദ്യം സമരം നടത്തേണ്ടത്‌ പാർട്ടി ആസ്ഥാനങ്ങളിലേക്കും മാധ്യമ സ്ഥാപനങ്ങളിലേക്കുമാണ്. പാർട്ടിയിൽ മൂന്നിലൊന്ന് പ്രാതിനിധ്യമില്ലാതെ പാർലമെന്റിലും അസംബ്ലിയിലും അതുണ്ടായിട്ട്‌ എന്തു കാര്യം!
ഇവിടെ ചില യാഥാസ്ഥിതിക മത സംഘടനകൾ പെണ്ണുങ്ങളെ പൊതു രംഗത്തിറക്കുന്നതിനെതിരാണ്. പ്രത്യയശാസ്ത്ര പരമായി അവരതിനെ ന്യായീകരിക്കാറുമുണ്ട്‌. ഇവരെ അറുപിന്തിരിപ്പന്മാരെന്ന് ആക്ഷേപിച്ച്‌ നമ്മുടെ പൊതു പ്രവർത്തകരും പാർട്ടിക്കാരും വളഞ്ഞിട്ട്‌ വിചാരണ ചെയ്യാറുണ്ട്‌. പക്ഷെ, ഒരു ചോദ്യം ബാക്കി നിർത്തട്ടെ. പെണ്ണുങ്ങളെ പൊതുരംഗത്തിറക്കാത്ത മത പുരോഹിതന്മാരോ, അവരെ  പുറത്തേക്ക്‌ ആട്ടിത്തെളിച്ച് തോരാ‌ മഴയത്തും പൊരിവെയിലത്തും ആപ്പീസിനു മുമ്പിൽ ക്യൂ നിർത്തുന്ന രാഷ്ട്രീയ ഏമന്മാരോ ആരാണ് ആദ്യം വിചാരണ ചെയ്യപ്പെടേണ്ടത് എന്ന് പെണ്ണുങ്ങൾ തീരുമാനിക്കട്ടെ!  വോട്ടവകാശത്തിന് വേണ്ടിയാണ് മുമ്പ്‌ വനിതകൾ മാർച്ച് എട്ടിന് തെരുവിലിറങ്ങിയിരുന്നതെങ്കിൽ, തങ്ങളെ തഴയുന്ന ഇത്തരം പാർട്ടികൾക്ക് വോട്ട് ചെയ്യാതിരിക്കാനുളള ചങ്കൂറ്റവും തന്റേടവുമാണ് പെണ്ണുങ്ങൾ ഇനി പ്രദര്‍ശിപ്പിക്കേണ്ടത്.
പിൻപൊട്ട്‌: ഇയ്യിടെ തെരെഞ്ഞെടുക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിൽ നിന്നുളള 24 അംഗ  കേന്ദ്ര പ്രതിനിധിസഭയിൽ നാലുപേർ വനിതകളാണ്, പങ്കാളിത്തം‍ ആറിലൊന്ന്. രാഷ്ട്രീയക്കാർ മത സംഘടനകളെയെങ്കിലും മാതൃകയാക്കട്ടെ!

2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

NEW KERALA DEVELOPMENT FORUM

സ്വാഗതം..  രജിസ്ട്രേഷന്‍ ആരംഭിച്ചു 

 പുതിയ കേരളം: വികസന ഫോറം 

2011  മാര്‍ച്ച് 11 , 12 , 13 എറണാകുളം 

17 സെഷനുകള്‍ , 150 ഓളം പ്രബന്ധങ്ങള്‍ 
ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ , അക്കാദമിക പണ്ഡിതര്‍, ആക്ടിവിസ്റ്റുകള്‍ 

മാധ്യമ സെമിനാര്‍ 
സംവാദം: പുതിയ കേരളം പുതിയ സമീപനം 
ജനപക്ഷ വികസന സമ്മേളനം 
2011 മാര്‍ച്ച് 13 കലൂര്‍ സ്റ്റേഡിയം


സെമിനാറുകള്‍:
*വിദ്യാഭ്യാസം:
>പ്രാഥ്മിക വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങള്‍..ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങള്‍..അദ്ധ്യാപകര്‍,വിദ്യാഭ്യാസ സംവിധാനങ്ങള്‍..വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം..ആരോഗ്യ കായിക  വിദ്യാഭ്യാസം..വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍.. വിദ്യാഭ്യാസത്തിലെ വിഭവ സമാഹരണം..ബദല്‍ വിദ്യാഭ്യാസം കേരളത്തില്‍ 


*മാനവിക വികസനം: 
>സ്ത്രീകള്‍, കുട്ടികള്‍, സ്ത്രീ പുരുഷ ബന്ധങ്ങള്‍ ..വികലാംഗര്‍ ..കുടുംബം .. സാമുദായിക ബന്ധങ്ങള്‍.. മദ്യം,ലഹരി,ചൂതാട്ടം..മനുഷ്യാവകാശങ്ങള്‍.. ആത്മീയത 
..വികസനവും ലിംഗനീതിയും.. മാനവിക വികസന സൂചിക..വികസനവും മുല്യങ്ങളും.. മുസ്‌ലിം സ്ത്രീകളും വികസനവും


*കേരള വികസനം-സാമുഹ്യ സാംസ്കാരിക വിശകലനം:
>വിവിധ സാമൂഹിക വിഭാഗങ്ങളുടെ പങ്ക്.. കേരളീയ പൊതു സമൂഹത്തിലെ ഇസ്‌ലാമിന്റെ ഇടപെടലുകള്‍.. ഇടതുപക്ഷ കേരളത്തിന്റെ സവിശേഷതകള്‍.. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍- സാമൂഹിക വിശകലനം.. കേരള വികസനം- മാധ്യമ ഇടപെടലുകള്‍.. അന്യ സംസ്ഥാന തൊഴിലാളികളും കേരളവും..കേരളീയ മതേതരത്ത്വം ഒരു പുനര്‍വായന.. കേരള വികസനവും കോളനികളും..കേരളത്തിന്റെ വികസന വിതരണം 


*കാര്‍ഷിക വികസനം:
>കൃഷി വിളകളിലെ മാറ്റം.. ഹോം ഗാര്‍ഡന്‍സ്.. നാടന്‍ വിത്തുകളും സങ്കരയിനം വിത്തുകളും.. മണ്ണിന്റെ ഫലപുഷ്ട്ടി..കാര്ഷികാടിസ്ഥാന ചെറുകിട വ്യവസായങ്ങള്‍.. 
കൃഷിയെന്ന സങ്കല്‍പം.. ജി എം വിളകള്‍..നാട്ടറിവുകള്‍..ജൈവകൃഷി..കൃഷി സഹായക സംവിധാനങ്ങള്‍.. കാര്‍ഷിക ജീവിത രീതി..ഭക്ഷ്യ സുരക്ഷ 


*മലബാര്‍: 
>ഇന്ത്യയിലെ സ്വയം ഭരണ പ്രദേശങ്ങളും മലബാറും..വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ..സര്‍ക്കാര്‍ ഉദ്യോഗം, ഭരണ ഡിവിഷനുകള്‍,ബജറ്റ്.. ഗതാഗതം, റയില്‍വേ..മലബാര്‍; ചരിത്രവും വര്‍ത്തമാനവും..മലബാറും മലയാള ഭാഷയും..സ്വാതന്ത്യാനന്തര കാലത്തെ മലബാര്‍ വികസനം..മലബാറിന്റെ വികസന രാഷ്ട്രീയം


*ഭൂമി:     
>ഭൂപരിഷ്കരണം; പ്രശ്നങ്ങളും പ്രതിസന്ധികളും..ഭൂമി കയ്യേറ്റം..ഭൂ വിനിയോഗം കേരളത്തില്‍..കേരളത്തിലെ ഭൂമിയും ദലിതുകളും.. ആദിവാസി ഭൂപ്രശ്നം.. വ്യവസായത്തിന് ഏറ്റെടുത്ത ഭൂമി 


*ഗതാഗതം:
>അന്തര്‍ ദേശീയ അനുഭവങ്ങള്‍..റോഡ്‌ നിര്‍മ്മാണവും പരിചരണവും..കൊച്ചി മെട്രോ..റയില്‍ ഗതാഗതം..ജല ഗതാഗതം..മാതൃകാ ഗതാഗത സമീപനം.. ഉള്‍നാടന്‍  ജല ഗതാഗതം..ബി ഓ ടിയും പശ്ചാത്തല വികസനവും 
   
*മാലിന്യ സംസ്കരണം:
>മാലിന്യ സംസ്കരണം- വ്യക്തി/ സാമൂഹിക സമീപനം..നഗര മാലിന്യ സംസ്കരണം..ഗ്രാമീണ മാലിന്യ സംസ്കരണം..ന്യൂ ജനറേഷന്‍ മാലിന്യങ്ങള്‍..
മാലിന്യ സംസ്കരണ നിയമങ്ങള്‍ 
     
*വ്യവസായം:
>കേരളത്തിന്റെ വ്യവസായ നയം..പൊതു മേഖല; കാര്യക്ഷമതയും പുനസംഘാടനവും..ഐ ടി വ്യവസായം..ഫിഷറീസ്..ചെറുകിട വ്യവസായം..ടുറിസം


*ധനകാര്യം:
>കേരളത്തിന്റെ വരവിനങ്ങള്‍.. കേരളത്തിന്റെ ചെലവിനങ്ങള്‍..ധനകാര്യം:പൊതു വിശകലനം..കേന്ദ്ര-സംസ്ഥാന ധന വിതരണം..കേരളത്തിന്റെ പൊതുകടം..ധന വിനിയോഗം


*ഉര്‍ജ്ജം:
>കേരളത്തിന്റെ ഉര്‍ജ്ജ രംഗം..പാരമ്പര്യേതര ഉര്‍ജ്ജ സാധ്യതകള്‍.. വൈദ്യുതി ബോര്‍ഡ് പരിഷ്കരണം.. കേരളത്തിന്റെ ജല പദ്ധതികള്‍..ഉര്‍ജ്ജ സ്രോതസ്സും വിനിയോഗവും 


*ആരോഗ്യം:
>ജീവിത ശൈലി രോഗങ്ങള്‍, മാനസികാരോഗ്യം..കേരള മോഡല്‍ ആരോഗ്യവും പ്രതിസന്ധിയും..ആരോഗ്യ സംവിധാനങ്ങളുടെ കച്ചവട വത്കരണം..ജനകീയ ആരോഗ്യ പ്രവര്‍ത്തനം.. ആരോഗ്യ വിദ്യാഭ്യാസം..ആരോഗ്യ ഇന്‍ഷൂറന്‍സ്..
പ്രതിരോധ ചികിത്സയും ഹോമിയോപ്പതിയും..ആയുര്‍വേദത്തിന്റെ സാധ്യതകള്‍.. 
കേരളത്തിലെ യുനാനി ചികിത്സയുടെ സാധ്യതകള്‍.. കേന്‍സര്‍  രോഗം; ആഘാതവും പ൦നവും.. ആരോഗ്യവും ആത്മീയതയും 


     
*പ്രവാസവും കേരള വികസനവും:
>കേരള മോഡല്‍ വികസനവും പ്രവാസവും..പ്രവാസികളുടെ കുടുംബ സാമൂഹിക പ്രശ്നങ്ങള്‍..പ്രവാസികളുടെ തൊഴില്‍ മനുഷ്യാവകാശ പ്രശ്നങ്ങള്‍..യുറോപ്യന്‍ പ്രവാസവും ഗള്‍ഫ് പ്രവാസവും..പ്രവാസവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയും..
പ്രവാസികളും സര്‍ക്കാര്‍ നടപടികളും.. പ്രവാസികളും കേരളത്തിന്റെ പൊതു സമുഹവും.. മറുനാടന്‍ മലയാളികള്‍.. പ്രവാസി മുലധനവും കേരളവും




*സംവരണം:
>സംവരണത്തിന്റെ ചരിത്രം.. സംവരണവും വികസനവും..വിദ്യാഭ്യാസ സംവരണം.. ജഡീഷ്യറിയിലെ സംവരണം.. സംവരണവും അവശ ക്രൈസ്തവരും.. സംവരണ അട്ടിമറികള്‍..സംവരണവും സംവരണ സമുദായങ്ങളും.. സംവരണവും കമ്മീഷനുകളും 


*ജനകീയ സമരങ്ങളും കേരള വികസനവും:
>സൈലന്റ് വാലി..പ്ലാച്ചിമട..ചെങ്ങറ,മുത്തങ്ങ, മറ്റു ഭൂസമരങ്ങള്‍..മാവൂര്‍..
ന്‍ഡോസള്‍ഫാന്‍..ഹൈവേ സമരം..മുലംപിള്ളിയും മറ്റു കുടിയിറക്ക് സമരങ്ങളും.. 
മലിനീകരണ വിരുദ്ധ സമരങ്ങള്‍..ആതിരപ്പിള്ളി..ഖനന വിരുദ്ധ സമരങ്ങള്‍ 


പങ്കെടുക്കുന്നവര്‍: 


വി ആര്‍ കൃഷ്ണയ്യര്‍, സന്ദീപ്‌ പാണ്ടെയ്, ക്ലോഡ് അല്‍വാരിസ്, സി രാധാകൃഷ്ണന്‍, സുഗതകുമാരി, മുല്ലക്കര രത്നാകരന്‍, ടി കെ അബ്ദുല്ല, പ്രൊഫ കെ എ സിദ്ധീഖ് ഹസന്‍ , എം പി പരമേശ്വരന്‍ , ടി ടി ശ്രീകുമാര്‍ എ അച്ചുതന്‍, ബി ആര്‍ പി ഭാസ്കര്‍ , വി എം സുധീരന്‍ , കുട്ടി അഹമദ് കുട്ടി, ജി കാര്‍ത്തികേയന്‍ , അബ്ദുറഹ്മാന്‍ രണ്ടത്താണി, എം പി വീരേന്ദ്രകുമാര്‍ , സാറാ ജോസഫ്, കെ ജീ ശങ്കരപ്പിള്ള, കെ ഈ എന്‍ കുഞ്ഞമ്മദ്, കെ പീ രാമനുണ്ണി, പീ ടീ കുഞ്ഞുമുഹമ്മദ്‌,
ഓ അബ്ദുറഹ്മാന്‍ , ശശികുമാര്‍, കെ കെ കൊച്ച്, ഡോ എം ഗംഗാധരന്‍ , സി ആര്‍ നീലകണ്ഠന്‍ , സീ പീ ജോണ്‍ , കെ എന്‍ ഹരിലാല്‍ , കെ അരവിന്ദാക്ഷന്‍ , ശ്രീരാമകൃഷ്ണന്‍ , ഡോ എം കബീര്‍ , വി എസ് വിജയന്‍ ,കെ കെ ബാബുരാജ് , ഡോ കെ എം ഷാജഹാന്‍ , പോല്‍ തലേക്കാട് , ഇരുദയ രാജന്‍ , ഡോ എം എ ലാല്‍,ഡോ ഗോപകുമാര്‍, കമല്‍ , ഡോ യാസീന്‍ അഷ്‌റഫ്‌ പത്തിയൂര്‍ ഗോപിനാഥ് ,ഷെയ്ഖ്‌ മുഹമ്മദ്‌ കാരക്കുന്ന്, കെ കെ സുഹറ, ഡോ ഫസല്‍ ഗഫൂര്‍, പ്രൊഫ ടീ ബീ വിജയകുമാര്‍ ,അഡ്വ ജോര്‍ജ്ജ് പുലിക്കുത്തി , ആര്‍ യുസുഫ് , അഹമദ് ബാവപ്പ, ഡോ ബാലസുന്ദരം, കെ ആര്‍ മീര, നിയതി , ജോസ് സെബാസ്റ്യന്‍, കെ പീ സേതുനാഥ്, എം ആര്‍ സുദേഷ്, പീ എന്‍ ദാസ്, ജെ രഘു, ജീ ശങ്കര്‍ , കെ വിജയചന്ദ്രന്‍ ,ജോണി ലൂക്കോസ്, എന്‍ വീ നികേഷ് കുമാര്‍ ,എസ് ഉഷ, കെ വീ ദയാല്‍, ഡോ എം ഉസ്മാന്‍ , എ ശീദുദ്ധീന്‍ , പീ കെ പ്രകാശ്, ഹാനി ബാബു, ഡോ സുരേഷ് കുമാര്‍ ,ശബ്ന സിയാദ്, അഡ്വ ഷിജി എ റഹ്മാന്‍ , ഡോ ജയരാജ് , രോഷ്നി പദ്മനാഭന്‍ വീ കെ ആദര്‍ശ് പീ കെ സജീവ്‌, എം ആര്‍ രേണു കുമാര്‍ , മൈത്രി പ്രസാദ് ഏലിയാമ്മ  , അനില്‍ ആലങ്കോട്, ഡോ കൂട്ടില്‍ മുഹമ്മദലി, കെ ആര്‍ ഉണ്ണിത്താന്‍, വടക്കേടത്ത് പദ്മനാഭന്‍ , ഡോ മുരളി, ജിയോ ജോസ്, ഡോ സീ എം ജോയ് അഡ്വ തുഷാര്‍ നിര്‍മ്മല്‍ സാരഥി , ഡോ അബ്ദുറഹ്മാന്‍, ഡോ പീ ഇബ്രാഹീം, ഡോ സഞ്ജീവ് ഘോഷ്, മാഗ്ലിന്‍ പീറെര്‍, ഡോ എ എ ഹലീം, സജി ജയിംസ്, കെ പീ സല്‍വ, കെ സീ യാസര്‍, ഡോ ജാഫര്‍ ബഷീര്‍..        ,        
   
കൂടുതലറിയാന്‍ : 
       
www.keraladevelopmentforum.com





സോളിഡാരിറ്റി